തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ തീരുമാനമെടുത്തേക്കും.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടവും കുടിശികകളും വൻതോതിൽ ഉയർന്നെന്നാണ് കണക്കുകൂട്ടൽ. ഒരു മാസത്തിനകം സംസ്ഥാനത്തിന്റെ സാമ്പത്തികനില സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയാണ് ലക്ഷ്യം.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശിക 1.5 ലക്ഷം കോടി രൂപ എങ്കിലും വരുമെന്നാണ് യുഡിഎഫിന്റെ പൊതു വിലയിരുത്തൽ. പെൻഷൻ കമ്പനിക്ക് കുടിശിക ഇനത്തിൽ മാത്രം 15,000 കോടി രൂപയെങ്കിലും നൽകാനുണ്ട്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശികയും ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ കുടിശികകൾ വഴി ഏകദേശം 50,000 കോടി രൂപയുടെ കുടിശികയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ നൽകിയിട്ടുള്ള കണക്ക്.
കരാറുകാരുടെ കുടിശിക ഇനത്തിൽ മാത്രം 20,000 കോടിയോളം രൂപ കൊടുത്തു തീർക്കാനുണ്ട്. നെൽകർഷകരുടെ സബ്സിഡി അടക്കം കർഷകരുടെ കുടിശികയും 3,000 കോടിയോളം വരും. കെട്ടിടനിർമാണതൊഴിലാളി ക്ഷേമനിധി ബോർഡുകൾ അടക്കം വിവിധ ക്ഷേമനിധി ബോർഡുകൾക്ക് 1000 കോടിയോളം രൂപയുടെ കുടിശികയുണ്ട്.
കുടിവെള്ള പദ്ധതിയായ ജലനിധി പദ്ധതിയുടെ സംസ്ഥാന വിഹിതം ഇനത്തിലും കോടികൾ നൽകാനുണ്ട്.
സംസ്ഥാനത്തിന്റെ പൊതുകടം 4.5 ലക്ഷം കോടി രൂപയാണ്. ഇതുസംബന്ധിച്ച വിവരങ്ങളുമുണ്ടാകും. ഖജനാവിനെ കരുത്തുറ്റതാക്കാൻ വരുമാനം വർധിപ്പിക്കാനുള്ള തീരുമാനങ്ങളുമെടുക്കും.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ചു ധവളപത്രം പുറത്തിറക്കുമെന്നു നേരത്തേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുഡിഎഫ് നേതാക്കളും പ്രഖ്യാപിച്ചിരുന്നു.